Tuesday 21 June 2016

കബനീതീരത്തേക്ക് ഒരു യാത്ര !

യാത്രകൾ ഓരോന്നും വ്യത്യസ്തമാണ് . ഗ്രൂപ്പ് യാത്രകളും , ഒറ്റക്കുള്ള യാത്രകളും , കുടുംബത്തോടൊപ്പമുള്ള യാത്രകളും തരുന്ന അനുഭവങ്ങൾ തികച്ചും വ്യത്യസ്തം . ഈ യാത്ര ഞാനും എൻറെ സുഹൃത്ത് സുനീഷും മാത്രം...പോകുന്നത് കബനീ തീരത്തേയ്ക്ക്. യാത്ര തുടങ്ങുന്നത് രാവിലെ അഞ്ചുമണിക്ക് . എന്റെ  പ്രിയതമയുടെ വക ചിക്കനും ദോശയും നല്ല വാഴയിലയിൽ പൊതിഞ്ഞുകെട്ടി തന്നു . പിന്നെ ക്യാമറയും ഒക്കെ എടുത്ത് യാത്ര തുടങ്ങി . ഈങ്ങാപ്പുഴ , അടിവാരം , താമരശ്ശേരി ചൊരം , കൽപ്പറ്റ , മാനന്തവാടി , നഗർഹോള വഴി  കബനി ... ഇതാണ് റൂട്ട്. അടിവാരത്തുനിന്നും ഇന്ധനവും നിറച്ച് വണ്ടി ചുരം കയറി . മഴയില്ല ...പക്ഷെ നല്ലതണുപ്പ് .


പുലർച്ചെ ആയതിനാൽ വാഹനവും കുറവ് . ചുരത്തിൽ ഒന്നു നിർത്താതെ പോകുന്നതെങ്ങനെ ...മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന സുന്ദരിയായ ചുരം ...കാണേണ്ട കാഴ്ചതന്നെ . അധികം സമയം കളയാതെ തന്നെ യാത്ര തുടർന്നു .

പിന്നെ നിർത്തിയത് കാട്ടിക്കുളത്താണ് . സമയം ആറര ആയി ...ഒരു കട്ടനടിച്ച് യാത്ര തുടരാം എന്നുകരുതി . തണുപ്പിൽ കട്ടൻചായക്ക് രുചിയൽപം കൂടും . ഇനി നേരെ ബാവലി നഗർഹോള വഴി കബനി . ഒരുപാട് തവണ പോയതാണ് ...എന്നാലും മടുപ്പ് വരാത്ത കാട്ടുപാത . കാട്ടിക്കുളം കഴിഞ്ഞാൽ പിന്നെ ഇരുവശവും കാടുതന്നെ . കാടുതുടങ്ങിയതും കണ്ടകാഴ്ച സുന്ദരമാണോ ...ഭയാനകമാണോ എന്നു മനസിലാകുന്നില്ല ... ഒരുപാടുനാളായുള്ള ഒരാഗ്രഹം സഫലമായി ... ബൈക്കിന്റെ തൊട്ടുമുന്നിൽ ഒരു കടുവ ... റോഡ് മുറിച്ചുകടന്ന് നിൽക്കുന്നു .




പിന്നെ ഞങ്ങളെ നോക്കി കുറച്ചുനേരം അങ്ങനെ നിന്നു . ചെറിയരീതിയിൽ ഒരു ഭയം , ശരീരമാകെ തണുക്കുന്നപോലെ ! ഞങ്ങളുടെ ഭാഗ്യമോ .. കടുവക്ക് നോമ്പുള്ളതുകൊണ്ടോ ഞങ്ങളെ വെറുതെ വിട്ടു . പിന്നെ കാട്ടിലേക്ക് പതുക്കെ ഇറങ്ങിപ്പോയി . കാടിനുവേണ്ടി നല്ലത് ചെയ്താൽ കാട് നമുക്ക് നല്ലത് തരും എന്നുമനസിലായി .ജീവിതത്തിലെ ആദ്യത്തെ ഒരനുഭവം . കാടിനു നന്ദി .

ഉള്ളിൽ നല്ല സന്തോഷം ! വീണ്ടും യാത്ര  തുടർന്നു .മഴതുടങ്ങിയതോടെ കാടിനൊക്കെ നല്ല പച്ചപ്പ് . പ്രഭാത കിരണത്തിൽ മാനിനും മയിലിനുമൊക്കെ നല്ല സ്വർണതിളക്കം . മൊത്തത്തിൽ കാട് സുന്ദരമായിരിക്കുന്നു .






കാഴ്ചകളൊക്കെ കണ്ടു ഞങ്ങൾ കബനീ തീരത്ത് എത്തി .





ഡാം തുറന്നതിലാൽ നിറഞ്ഞുകിടന്ന വെള്ളമൊക്കെ വറ്റി കബനി ഒരു ചെറിയ തോടുപോലെ ആയിരിക്കുന്നു . പക്ഷെ ഇരു വശങ്ങളിലും ഉള്ള കരകളുടെ ഭംഗി ...അപാരം തന്നെ . പൊതിഞ്ഞെടുത്ത ഭക്ഷണം അവിടെ ഇരുന്നു കഴിച്ചു . പിന്നെ തീരത്തെ കാറ്റും കൊണ്ട് ആ ചെറുവെയിലിൽ ഒരു വിശ്രമം. സമയം എട്ടര ആയിട്ടേ ഉള്ളൂ . പശുക്കൂട്ടങ്ങൾ മേഞ്ഞുനടക്കുന്നു . വിശാലമായ തീരങ്ങളിലൂടെ കുറെ യാത്ര ചെയ്തു . അതിമനോഹരം ...

പിന്നെ തിരിച്ചുള്ള യാത്ര. തോൽപെട്ടിയും , തിരുനെല്ലിറോഡും മനസിലേക്ക് വരുന്നു ...എന്നാപിന്നെ ആവഴികൂടി ഒന്നുകറങ്ങാം . പോകുന്നവഴിയിൽ ഉണ്ണിയപ്പക്കടയുള്ള തെറ്റുറോഡുണ്ട്. ഇവിടുത്തെ ഉണ്ണിയപ്പപ്പെരുമ വാനോളം ഉണ്ട് . ഒന്നുകഴിച്ചവരാരും പിന്നെ കഴിക്കാതെ  ഈവഴി പോകില്ല . അവിടെകയറി ഒരു കട്ടൻ ചായയും ഉണ്ണിയപ്പവും കഴിച്ചു . ശേഷം ആ കാട്ടുവഴി ഒക്കെ ഒന്നുകറങ്ങി ... തിരിച്ചുള്ള യാത്ര പടിഞ്ഞാറത്തറ ബാണാസുര വഴി . ബാണാസുരഡാമും വറ്റിക്കിടക്കുന്ന അവസ്ഥ .

















അങ്ങനെ ഞങ്ങൾ വൈകുന്നേരം ആറുമണിയോടെ വീട്ടിലെത്തി . ഇനിയും യാത്രകൾ  തുടരണം എന്ന ലക്ഷ്യത്തോടെ !



No comments:

Post a Comment