Tuesday 21 June 2016

കബനീതീരത്തേക്ക് ഒരു യാത്ര !

യാത്രകൾ ഓരോന്നും വ്യത്യസ്തമാണ് . ഗ്രൂപ്പ് യാത്രകളും , ഒറ്റക്കുള്ള യാത്രകളും , കുടുംബത്തോടൊപ്പമുള്ള യാത്രകളും തരുന്ന അനുഭവങ്ങൾ തികച്ചും വ്യത്യസ്തം . ഈ യാത്ര ഞാനും എൻറെ സുഹൃത്ത് സുനീഷും മാത്രം...പോകുന്നത് കബനീ തീരത്തേയ്ക്ക്. യാത്ര തുടങ്ങുന്നത് രാവിലെ അഞ്ചുമണിക്ക് . എന്റെ  പ്രിയതമയുടെ വക ചിക്കനും ദോശയും നല്ല വാഴയിലയിൽ പൊതിഞ്ഞുകെട്ടി തന്നു . പിന്നെ ക്യാമറയും ഒക്കെ എടുത്ത് യാത്ര തുടങ്ങി . ഈങ്ങാപ്പുഴ , അടിവാരം , താമരശ്ശേരി ചൊരം , കൽപ്പറ്റ , മാനന്തവാടി , നഗർഹോള വഴി  കബനി ... ഇതാണ് റൂട്ട്. അടിവാരത്തുനിന്നും ഇന്ധനവും നിറച്ച് വണ്ടി ചുരം കയറി . മഴയില്ല ...പക്ഷെ നല്ലതണുപ്പ് .


പുലർച്ചെ ആയതിനാൽ വാഹനവും കുറവ് . ചുരത്തിൽ ഒന്നു നിർത്താതെ പോകുന്നതെങ്ങനെ ...മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന സുന്ദരിയായ ചുരം ...കാണേണ്ട കാഴ്ചതന്നെ . അധികം സമയം കളയാതെ തന്നെ യാത്ര തുടർന്നു .

പിന്നെ നിർത്തിയത് കാട്ടിക്കുളത്താണ് . സമയം ആറര ആയി ...ഒരു കട്ടനടിച്ച് യാത്ര തുടരാം എന്നുകരുതി . തണുപ്പിൽ കട്ടൻചായക്ക് രുചിയൽപം കൂടും . ഇനി നേരെ ബാവലി നഗർഹോള വഴി കബനി . ഒരുപാട് തവണ പോയതാണ് ...എന്നാലും മടുപ്പ് വരാത്ത കാട്ടുപാത . കാട്ടിക്കുളം കഴിഞ്ഞാൽ പിന്നെ ഇരുവശവും കാടുതന്നെ . കാടുതുടങ്ങിയതും കണ്ടകാഴ്ച സുന്ദരമാണോ ...ഭയാനകമാണോ എന്നു മനസിലാകുന്നില്ല ... ഒരുപാടുനാളായുള്ള ഒരാഗ്രഹം സഫലമായി ... ബൈക്കിന്റെ തൊട്ടുമുന്നിൽ ഒരു കടുവ ... റോഡ് മുറിച്ചുകടന്ന് നിൽക്കുന്നു .




പിന്നെ ഞങ്ങളെ നോക്കി കുറച്ചുനേരം അങ്ങനെ നിന്നു . ചെറിയരീതിയിൽ ഒരു ഭയം , ശരീരമാകെ തണുക്കുന്നപോലെ ! ഞങ്ങളുടെ ഭാഗ്യമോ .. കടുവക്ക് നോമ്പുള്ളതുകൊണ്ടോ ഞങ്ങളെ വെറുതെ വിട്ടു . പിന്നെ കാട്ടിലേക്ക് പതുക്കെ ഇറങ്ങിപ്പോയി . കാടിനുവേണ്ടി നല്ലത് ചെയ്താൽ കാട് നമുക്ക് നല്ലത് തരും എന്നുമനസിലായി .ജീവിതത്തിലെ ആദ്യത്തെ ഒരനുഭവം . കാടിനു നന്ദി .

ഉള്ളിൽ നല്ല സന്തോഷം ! വീണ്ടും യാത്ര  തുടർന്നു .മഴതുടങ്ങിയതോടെ കാടിനൊക്കെ നല്ല പച്ചപ്പ് . പ്രഭാത കിരണത്തിൽ മാനിനും മയിലിനുമൊക്കെ നല്ല സ്വർണതിളക്കം . മൊത്തത്തിൽ കാട് സുന്ദരമായിരിക്കുന്നു .






കാഴ്ചകളൊക്കെ കണ്ടു ഞങ്ങൾ കബനീ തീരത്ത് എത്തി .





ഡാം തുറന്നതിലാൽ നിറഞ്ഞുകിടന്ന വെള്ളമൊക്കെ വറ്റി കബനി ഒരു ചെറിയ തോടുപോലെ ആയിരിക്കുന്നു . പക്ഷെ ഇരു വശങ്ങളിലും ഉള്ള കരകളുടെ ഭംഗി ...അപാരം തന്നെ . പൊതിഞ്ഞെടുത്ത ഭക്ഷണം അവിടെ ഇരുന്നു കഴിച്ചു . പിന്നെ തീരത്തെ കാറ്റും കൊണ്ട് ആ ചെറുവെയിലിൽ ഒരു വിശ്രമം. സമയം എട്ടര ആയിട്ടേ ഉള്ളൂ . പശുക്കൂട്ടങ്ങൾ മേഞ്ഞുനടക്കുന്നു . വിശാലമായ തീരങ്ങളിലൂടെ കുറെ യാത്ര ചെയ്തു . അതിമനോഹരം ...

പിന്നെ തിരിച്ചുള്ള യാത്ര. തോൽപെട്ടിയും , തിരുനെല്ലിറോഡും മനസിലേക്ക് വരുന്നു ...എന്നാപിന്നെ ആവഴികൂടി ഒന്നുകറങ്ങാം . പോകുന്നവഴിയിൽ ഉണ്ണിയപ്പക്കടയുള്ള തെറ്റുറോഡുണ്ട്. ഇവിടുത്തെ ഉണ്ണിയപ്പപ്പെരുമ വാനോളം ഉണ്ട് . ഒന്നുകഴിച്ചവരാരും പിന്നെ കഴിക്കാതെ  ഈവഴി പോകില്ല . അവിടെകയറി ഒരു കട്ടൻ ചായയും ഉണ്ണിയപ്പവും കഴിച്ചു . ശേഷം ആ കാട്ടുവഴി ഒക്കെ ഒന്നുകറങ്ങി ... തിരിച്ചുള്ള യാത്ര പടിഞ്ഞാറത്തറ ബാണാസുര വഴി . ബാണാസുരഡാമും വറ്റിക്കിടക്കുന്ന അവസ്ഥ .

















അങ്ങനെ ഞങ്ങൾ വൈകുന്നേരം ആറുമണിയോടെ വീട്ടിലെത്തി . ഇനിയും യാത്രകൾ  തുടരണം എന്ന ലക്ഷ്യത്തോടെ !



Wednesday 13 January 2016

കോഴിക്കോട്ടെ പ്രധാനപെട്ട മത്സ്യബന്ധനതുറമുഖമാണ് പുതിയാപ്പ . വളരെ തിരക്കുള്ള ഒരു പ്രഭാതം . എവിടെയും കഠിനാധ്വാനം നിറഞ്ഞ ജോലികൾ ചെയ്യുന്നവർ ... എങ്കിലും അവരെല്ലാവരും ഒരുമിച്ചു തമാശപറഞ്ഞും ചിരിച്ചും കളിയാക്കിയും മീനുകൾ കരയിലെത്തിക്കുന്നു . പരുന്തും , കൊറ്റികളും , കാക്കകളും മീനുകൾ കൊത്തിപ്പറക്കുന്നു . പലതരം ചെമ്മീനുകളും , മത്തി , കോര , മാന്തൽ . നത്തൽ , കണവ , അങ്ങനെ പേരറിയാത്ത പലതരം മീനുകൾ ബോട്ടുകളിൽ നിന്നും കരയിൽ എത്തിക്കുന്നു ... അവ കച്ചവടക്കാർ ലേലം വിളിച് വാങ്ങുന്നു ...മൊത്തത്തിൽ ഒരു ഉത്സവ പ്രതീതി ...















Wednesday 25 November 2015

മഞ്ഞുപെയ്യുന്ന വാൽപാറ!

യാത്രകൾ കുറച്ചുകൂടി നീളമുള്ളതും, വ്യത്യസ്തമായ ദേശങ്ങളിലൂടെയും ആകണം എന്നൊരു തോന്നൽ. മുഖപുസ്തകത്തിലെ യാത്രാവിവരണ താളുകൾ തിരഞ്ഞും , കേട്ടറിവുള്ള ദേശങ്ങളുടെ ഭൂപടം നോക്കിയും ഒരു സ്ഥലം കണ്ടെത്തി. വാൽപാറ ! കേട്ടറിവ് മാത്രമേ ഉള്ളൂ ... പോകേണ്ട റൂട്ടുകളൊക്കെ ഗൂഗിൾ ഭൂപടത്തിൽ നോക്കി ചിത്രങ്ങളാക്കി മൊബൈലിൽ സൂക്ഷിച്ചു . ഞങ്ങൾ നാലുപേർ , സുൻഹീഷ് , അജി , ബിനേഷ് .രണ്ട് ദിവസത്തെ യാത്ര വേണംതണ്ടർബേർഡ് ചെക്കപ്പ് ഒക്കെ ചെയ്ത് പോകാനൊരുങ്ങിനിന്നു . യാത്രക്ക് വേണ്ടതെല്ലാം  തലേദിവസം തെന്നെ തയ്യാറാക്കി വെച്ചിരുന്നു .

13 നവംബർ 2015  ന്  രാവിലെ  5.30 ന് പ്രാർത്ഥനയോടെ യാത്ര തുടങ്ങി . രാവിലെ കഴിച്ചിട്ട് പോകാൻ  ദോശയും ചായയും , പിന്നെ  കൊണ്ടുപോകാൻ നമ്മുടെ തന്നെ  കപ്പയും പിന്നെ മുളകിട്ട നല്ല മത്തിക്കറിയും  എൻറെ  പെണ്ണ് ഒരുക്കിതന്നു . മുക്കം മാണാശ്ശേരിയിൽ പോയി ബിനേഷിനെയും കൂട്ടി കടലുണ്ടിയിലുള്ള സുഹൃത്ത് സുൻഹീഷിന്റെ വീട്ടിലേക്ക് . അവിടെ അവനും അജിയും  കാത്തുനിൽപുണ്ടായിരുന്നുഅങ്ങനെ അവിടെനിന്നും പ്രഭാതഭക്ഷണവും കഴിച്ചു ഞങ്ങൾ നാലു പേർ യാത്ര തുടർന്നു .

തിരൂർ , പൊന്നാനി , തൃശൂർ  ഇരിങ്ങാലക്കുട  വഴി  യാത്ര. യാത്രക്ക് നമ്മുടെ തണ്ടർബെർഡും പിന്നെ ബജാജ് പൾസറും , രണ്ടുപേർക്കും ഒരു ക്ഷീണവും ഇല്ല . വെയിൽ ശക്തമായപ്പോഴേക്കും ആതിരപ്പള്ളി റൂട്ടിൽ എത്തിയതിനാൽ യാത്രാക്ഷീണം നന്നേ കുറഞ്ഞു . പോകുന്ന വഴിനീളെ ഒരുപാട് കാഴ്ചകൾ കാണാനുണ്ട് , പക്ഷെ വാൽപാറയിൽ രാത്രി ആകുമ്പോഴേക്കും എത്തണമല്ലോ എന്ന് കരുതി ആതിരപ്പള്ളിയിൽ മാത്രം ഇറങ്ങി കണ്ടു . കാണേണ്ട കാഴച്ചതന്നെ ! സമയം ഉച്ചകഴിഞ്ഞിരുന്നു . കൊണ്ടുവന്ന കപ്പയും മീൻകറിയും വയറുനിറച്ച് കഴിച്ചു . പുഴയിലെ മീനുകൾക്കും കുറച്ച് കപ്പ കൊടുത്തു . ഇനി നേരെ വാല്പാറക്ക് .




ഫോറസ്റ്റ്ചെക്ക്പോസ്റ്റിൽ നിന്നും എഴുതിത്തന്ന പേപ്പർ വാങ്ങിയപ്പോൾ ഓഫിസറുടെ ചോദ്യം , ഇന്ന് മടങ്ങി വരില്ലല്ലോ എന്ന്അങ്ങനെ കാടിന്റെ നടുവിലൂടെ ഉള്ള  മനോഹരമായ യാത്ര ! കാടിനെതൊടാൻ  എന്ന ഫ്ലാഗുമായി കുറച്ചുപേർ ബുള്ളറ്റിൽ , പാലക്കാടുനിന്നും വന്നവരാണ് , അവരെയും പരിചയപെട്ട് യാത്ര തുടർന്നുറോഡിന്റെ ഇരുവശങ്ങളിലും ഉള്ള  ഈറ്റ കാടുകൾ ഞങ്ങളെ തലോടികൊണ്ടിരുന്നു . പരിചയമില്ലാത്ത പലകിളികളുടെയും ശബ്ദം യാത്രക്ക് ഈണം പകർന്നുകൊണ്ടിരുന്നു . കാടിനെ ആസ്വദിച്ച് , പുഴകളും ഡാമുകളും കണ്ട് യാത്ര തുടർന്നു. സമയം വൈകുന്നേരം ആയിരിക്കുന്നു .   വഴി ആനകളുടെ വിഹാരകേന്ദ്രമാണ് . തമിഴ്നാട്ചെക്പോസ്റ്റ് എത്തിയിരിക്കുന്നു .ഫോറസ്റ്റ് ഓഫീസിൽ നിന്നും തന്ന പേപ്പർ കാണിച്ചു യാത്ര തുടർന്നു . ഇരുവശവും തേയില തോട്ടങ്ങൾ, സന്ധ്യാസമയം  തീറ്റതേടി ഇറങ്ങുന്ന കാട്ടുകോഴികൾതികച്ചും ആസ്വാദ്യകരം . അങ്ങനെ വാൽപാറയിൽ എത്തിയിരിക്കുന്നു. ഒരു കൊച്ചു ടൌണ്‍ . നല്ല തണുപ്പ് . താമസസൗകര്യത്തെകുറിച്ച് സുഹൃത്തായ സലിൽ പറഞ്ഞിരുന്നു , അതുനോക്കി ഒന്നുകറങ്ങി .ഞങ്ങളുടെ നിൽപുകണ്ടിട്ടാവം ഒരാൾ റൂമുണ്ടെന്നു പറഞ്ഞുവന്നു . കുഴപ്പമില്ലാത്ത റും , നാലുപേർക്ക് 1200. കുളിച്ച് , അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ വാങ്ങി സുൻഹീഷിന്റെ വീട്ടിൽനിന്നും കൊണ്ടുവന്ന ചപ്പാത്തിയും കടലക്കറിയും കഴിച്ച് കഥകളൊക്കെ പറഞ്ഞ് , സുഖംആയ ഒരുറക്കം .








രാവിലെ എഴുന്നേറ്റു കുളിച്ച് ഞാനും സുൻഹീഷും ഒന്നു കറങ്ങാമെന്നുകരുതി വഴിയിൽ കണ്ട ഒരാളോട്ചോദിച്ചു . അടുത്തൊരു ഡാം ഉണ്ട് . എന്നാൽ അങ്ങോട്ട്പോകാം എന്ന് കരുതി യാത്ര തുടർന്നു . സൂര്യൻ ഉദിച്ച് വരുന്നതേയുള്ളൂ ,നല്ലതണുപ്പ്ണ്ട് . ഏവിടെ നോക്കിയാലും ഒരുപാട് കിളികൾ . തേയിലതോട്ടതിനുനടുവിലൂടെയുള്ള  റോഡ്‌ , പലസ്ഥലത്തും വന്യജീവികൾ മുരിച്ചുകടക്കുന്നു എന്ന അറിയിപ്പുകൾ . ദൂരെ തേയിലതോട്ടത്തിൽ ഒരു കാട്ടുപോത്ത് മേഞ്ഞുനടക്കുന്നു. ഡാമിലേക്ക് പോകുന്ന വഴിയിൽ ഒരു സുന്ദരി ചൂളക്കാക്ക ഞങ്ങൾക്ക് പോസ് ചെയ്ത് തന്നു . കുറച്ച് ദൂരം ചെന്നപ്പോൾ ഒരു ചെക്ക്പോസ്റ്റ് , ഒൻപതുമണിക്ക് ശേഷമേ ഇങ്ങോട്ട് ആളെ വിടുകയുള്ളൂറ്റൈഗർ  റിസർവ് ആണ് എന്നയാൾ പറഞ്ഞുഅങ്ങനെ  തിരിച്ച് റൂമിലെത്തി തൊട്ടടുത്തുള്ള അയ്യപ്പ ഹോട്ടലിൽ കയറി പൂരിയും , ദോശയും , വടയും ചായയും ഒക്കെ കഴിച്ചു . നല്ലരുചി , ഹോട്ടൽ മലയാളികളുടെയാണ്







അങ്ങനെ ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങിഷോളയാർ ചുരമിറങ്ങി പൊള്ളാച്ചിക്ക്‌ . പൊള്ളാച്ചിയിൽ നിന്നും പാലക്കാട് വന്നാൽ പറംബിക്കുളവും നെല്ലിയാമ്പതിയും ഉണ്ട് . അന്വേഷിച്ചപ്പോൾ പരമ്പിക്കുളത്തെക്ക് ബൈക്കിൽ കടത്തിവിടില്ല ...പിന്നെ നെല്ലിയാമ്പതി തന്നെ ശരണംപൊള്ളാച്ചി , മീനാക്ഷിപുരം വഴി നെല്ലിയാമ്പതി . കേശവൻപാറയും ആത്മഹത്യാമുനമ്പും കണ്ടുകഴിഞ്ഞപോൾ തന്നെ നേരം ഒരുപാടായി . ഇനിയും കിലോമീറ്ററുകൾ ഒരുപാട് താണ്ടണം വീട്ടിലെത്താൻ . നെന്മാറ എത്തിയപ്പോഴേക്കും നേരം ഇരുട്ടിതുടങ്ങി .കോഴിക്കൊഡേക്കുള്ള വഴിയും ചോദിച്ച് യാത്ര ... ആലത്തൂർ - ഒറ്റപ്പാലം - മണ്ണാർക്കാട് - മലപ്പുറം - രാമനാട്ടുകര - മുക്കം - താമരശ്ശേരി വഴി വീട്ടിലെത്തിയപ്പോഴേക്കും സമയം 12.30 . ആകെ ഓടിയദൂരം 730 കിലൊമീറ്റെർ . രണ്ടു ദിവസത്തെ യാത്രയിൽ നല്ല  കാലാവസ്ഥയും തന്ന ദൈവത്തിനു നന്ദി . വീടിലെത്തി കുളിച്ച് സുഖമായി ഒരുറക്കം...പുതിയ വഴികളും കാഴ്ചകളും സ്വപ്നം കണ്ടുകൊണ്ട് .